2018 ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

അഷ്ടമി-രോഹിണി വ്രതം



സപ്തമി ദിവസത്തെ സൂര്യാസ്തമയം മുതലാണ് വ്രതം ആരംഭിക്കേണ്ടത്. ഈ സമയം മുതൽ അഷ്ടമി ദിവസം പകൽ മുഴുവനും അന്ന് അർദ്ധരാത്രി വരെ വ്രതം അനുഷ്ഠിക്കണം. ഈ സമയമത്രയും മത്സ്യ മാംസാദികൾ വെടിഞ്ഞ് പഞ്ചശുദ്ധി (മനശുദ്ധി, ശരീരശുദ്ധി, വസ്ത്രശുദ്ധി, ആഹാരശുദ്ധി, വ്രതശുദ്ധി) യോടുകുടി യും ലഘുഭക്ഷണത്തോടുകൂടിയും (പാൽ, പഴം മുതലായവ - അരി ആഹാരം ഒഴിവാക്കിയാൽ നന്ന്) കൃഷ്ണ നാമങ്ങൾ ജപിച്ച് കഴിയണം. അഖണ്ഡ നാമം നടക്കുന്നിടത്ത് അതിൽ പങ്കാളിയാകാം. ബ്രഹ്മചര്യം പാലിക്കണം.

ഗോപാലമന്ത്രം, ഓം നമോ ഭഗവതേ വാസു ദേവായ, ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മന്ത്രങ്ങൾ ജപിക്കാവുന്നതാണ്. ഈ സമയത്ത് ഭാഗവതം, നാരായണീയം, ശ്രീകൃഷ്ണ കർണ്ണാമൃതം തുടങ്ങിയ ഭഗവത് ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നത് ജന്മാന്തര പാപം നിവാരണം ചെയ്യുമെന്നു വിശ്വസിക്കപ്പെടുന്നു. ഏതു പ്രായക്കാർക്കും വ്രതം അനുഷ്ഠിക്കാം. ഏതെങ്കിലും മരുന്നു കഴിക്കുന്നവർ അതു കഴിച്ചുകൊണ്ട് ആഹാര ക്രമീകരണങ്ങൾ ചെയ്യാം. ഭഗവാന്റെ കാര്യങ്ങൾക്ക് ഈ കാര്യത്തിൽ ഉപാധിയും നിബന്ധനകളും ഇല്ല. പൂർണ്ണ ആരോഗ്യമുളളവർ കഴിയുന്നത്ര മുകളിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കണം. ഭഗവാന് പാൽപായസം, തൃക്കൈവെണ്ണ, തുളസിമാല എന്നീ വഴിപാടുകൾ നടത്തുക. പിറ്റേന്ന് രാവിലെ ക്ഷേത്രദർശനം നടത്തി വ്രതം അവസാനിപ്പിക്കാം. അന്നാണ് സാധാരണയായി ഗോകുലാഷ്ടമിയായി ഭഗവാന്റെ ജനനത്തിന്റെ ആഘോഷങ്ങൾ നടത്തുന്നത്. കന്മഷങ്ങൾ കളയുവാനും ഐശ്വര്യം ഉണ്ടാവാനുമാണ് ഈ വ്രതം ആചരിക്കുന്നത്.

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് അഷ്ടമി-രോഹിണി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കൃഷ്ണ പക്ഷത്തിൽ അഷ്ടമിയും രോഹിണിയും ഒത്തു വരുന്ന ദിവസമാണ് സാധാരണയായി അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. ഇവിടെ അഷ്ടമിക്കാണ് പ്രധാനം. അതുകൊണ്ട് തന്നെ അഷ്ടമിയും രോഹിണിയും ഒത്തു വരാത്ത വർഷങ്ങളിൽ മദ്ധ്യ രാത്രി അഷ്ടമി വരുന്ന ദിവസമാണ് ജന്മാഷ്ടമി ആയി കണക്കാക്കുന്നത്. കൃഷ്ണാഷ്ടമി എന്നും ഈ ദിവസം അറിയപ്പെടുന്നു. ജന്മാഷ്ടമിയും കൃഷ്ണാഷ്ടമിയും കൂടാതെ ഈ ദിവസം ഗോകുലാഷ്ടമി, ശ്രീ കൃഷ്ണ ജയന്തി എന്നും അറിയപ്പെടുന്നു.

ഊണിലും, ഉറക്കത്തിലും, ഉണർവിലും സ്മരിക്കണം ഭഗവാനെ, എങ്കിൽ കൂടെത്തന്നെയുണ്ടാവും, വിശ്വാസങ്ങൾ കൂടി പോയവരെ പൊതുജനത്തിന്റ ദൃഷ്ടിയിൽ ഭ്രാന്തൻമാരായി മുദ്രകുത്താം. കാരണം ഇവരുടെ ദൃഷ്ടിയിൽ അങ്ങിനെ തോന്നുന്നുവെങ്കിലും ഭക്തനായ ഭ്രാന്തൻ യഥാർത്ഥത്തിൽ ഭഗവാന്റെ ആനന്ദാനുഭൂതി നേരിട്ട് അനുഭവിക്കുകയാണ് ചെയ്യുന്നത്. ഉദാ: കുരൂരമ്മ എന്തെല്ലാം ചെയ്തിരുന്നു, കണ്ണൻ ഓടി കളിക്കുന്നത് കാണുന്നു -ഉണ്ണി നീ ഊണുകഴിക്കുന്നില്ലേ എന്ന് ചോദിച്ച് തൊടിയിലൂടെ പിന്നാലെ പോകുന്നു, വെള്ളം കുടിക്കാൻ കൊടുക്കുന്നു, കുട്ടിയുടെ മുഖം സ്വന്തം വസ്ത്രം കൊണ്ട് തുടക്കുന്നു. യഥാർത്ഥത്തിൽ ഭക്തയെ ഭഗവാൻ ആനന്ദിപ്പിക്കുന്നുണ്ട് കുട്ടിയായി വന്ന്, പക്ഷേ അത് സാധാരണക്കാരന് മനസ്സിലാക്കാനോ, കാണുവാനോ സാധിക്കാതെയാവുമ്പോൾ ഭക്തനെ ഭ്രാന്തനെന്ന് സമൂഹം മുദ്രകുത്താം. ഗീതയിൽ പറയുന്നുണ്ട്, എന്റെ ഭക്തന്റ എല്ലാ കാര്യങ്ങളും അവനറിയാതെ ഞാൻ നോക്കുന്നുണ്ടെന്ന്.ഭക്തന്റ മനസ്സ് വേദനിക്കുന്നത് കൂടി ഭഗവാന് സഹിക്കുകയില്ല, പക്ഷേ എല്ലാവർക്കും ആ തലത്തിലേക്ക് ഉയരാൻ കഴിയുകയില്ല എന്നും ഭഗവാൻ പറയുന്നുണ്ട്. ഭഗവദ് ഗീത പഠിക്കുക, ഭഗവാനെ അറിയുക, വന്ദിക്കുക.

ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:

ശ്രീകൃഷ്ണാർപ്പണമസ്തു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ