ഗുരുവായൂരിൽ ഇന്ന് തൃപ്പുത്തരി
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് തൃപ്പുത്തരി ആഘോഷിക്കും. പുതുതായി കൊയ്തെടുത്ത നെല്ലിൻറെ അരികൊണ്ടുള്ള നിവേദ്യവും പുത്തരിപ്പായസവും വിശേഷവിഭവങ്ങളും ഉച്ചപ്പൂജയ്ക്ക് കണ്ണന് നിവേദിക്കും.
പ്രധാന വഴിപാടായ പുത്തരിപ്പായസം 2,40,000 രൂപക്ക് തയ്യാറാക്കും. പുതിയ നെല്ലിൻറെ അരി, നാളികേരപ്പാൽ, ശർക്കര, പഴം എന്നിവ ചേർത്ത് കീഴ്ശാന്തി നമ്പൂതിരിമാരാണ് ഇടിച്ചുപിഴിഞ്ഞ പായസം തയാറാക്കുന്നത്.. ഉച്ചപൂജക്ക് പുന്നെല്ലരി നിവേദ്യം, പുത്തരിപ്പായസം, പത്തിലക്കറി, പുത്തരിച്ചുണ്ട ഉപ്പേരി, ഉപ്പുമാങ്ങ, പഴംനുറുക്ക് എന്നീ വിഭവങ്ങൾ സ്വർണ്ണപ്പാത്രത്തിൽ കണ്ണന് വിളമ്പും. താള്, തകര, ചേന, ചേമ്പ്, മത്തൻ, ഇളവൻ, പയർ, ഉഴുന്ന്, തഴുതാമ, ഞൊട്ടാഞൊടിയൻ, എന്നിവയുടെ ഇലകൾകൊണ്ടാണ് പത്തിലക്കറി തയ്യാറാക്കുന്നത്., പാരമ്പര്യാവകാശി മനയത്ത് കൃഷ്ണകുമാറാണ് ഇത് നൽകുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രം പതിവുള്ള ഉപ്പുമാങ്ങ നിവേദ്യത്തിന് വേണ്ട ഉപ്പുമാങ്ങ പുതിയേടത്ത് നാരായണൻകുട്ടി പിഷാരസ്യാരും കാർത്തിക പിഷാരസ്യാരുമാണ് തയ്യാറാക്കുന്നത്. വിശേഷാനിവേദ്യം അപ്പോൾത്തന്നെ പരിവാര ദേവതകൾക്ക് സമർപ്പിക്കാനായി ഉച്ചപൂജകഴിഞ്ഞാലുടൻ ഉച്ചശീവേലിയും നടത്തും.
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ